1 കൊച്ചിയുടെ അഴകായ ചീനവലകൾ യന്ത്രവൽകൃതമാകുന്നു. 😄
കൊച്ചിയുടെ സുന്ദരമുഖങ്ങളിലൊന്നാണ് ചീനവലകൾ.തടിക്കമ്പുകൾ കൂട്ടിയിണക്കി അതിൽ വല കെട്ടി വെള്ളത്തിലേക്ക് നീട്ടിനിർത്തിയിരിക്കുന്നചീനവലകൾ വളരെ മനോഹരമായ കാഴ്ചയാണ്. അവ താഴ്ന്നു വെള്ളത്തിലേക്ക് ഊളിയിടുന്നതും പിടയ്ക്കുന്ന മീനുമായി ഉയർന്നുപൊങ്ങുന്നതും ആരെയും ആകർഷിക്കുന്നതാണ്.കായലോരത്തെ ചീനവലകൾ വലിച്ചു മീൻപിടിക്കണമെങ്കിൽ രണ്ടു പേർ മതിയാകും. എന്നാൽ വൈപ്പിനിലെയും ഫോർട്ട് കൊച്ചിയിലെയും അഴിമുഖത്തുള്ള വലകൾ വലിച്ചു മീൻപിടിക്കുന്നതിന് ആറു മുതൽ എട്ടു പേരെങ്കിലും വേണ്ടിവരും. ശക്തിയായ അടിയൊഴുക്കുള്ളതിനാൽ കപ്പൽച്ചാലിലെ ഈ വലകൾ കൂറ്റൻ തേക്ക് തടികൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. വലയുടെ വലുപ്പവും വളരെ കൂടുതലായിരിക്കും.തേക്കുതടിയുടെ ലഭ്യതക്കുറവും അമിതവിലയും കാരണം തേക്കുതടികൾക്ക് പകരം വൈപ്പിൻ അഴിമുഖത്തെ ചീനവലക്കുറ്റികൾക്ക് ജി ഐ പൈപ്പ്കൾ ഉപയോഗിക്കുവാൻ തു ടങ്ങി.വലവലിക്കുന്നത് കഠിന ജോലിയായതിനാൽ ആവശ്യത്തിന് ജോലിക്കാരെയും കിട്ടാതായി. അതിനാൽ ഇലക്ട്രിക് മോട്ടോർ ഘടിപ്പിച്ച കപ്പിയും മറ്റുപയോഗിച്ച ചീനവലകാളാണ് ഇപ്പോൾ വൈപ്പിൻ അഴിമുഖത്തുള്ളത്. ചീനവലകൾ കൊച്ചിയിലെത്തിയത് ആറുനൂറ്റാണ്ടിലേറെ കാലങ്ങൾക്കു മുൻപാണെന്നാണ് വിശ്വസിക്കുന്നത് . 1341 ൽ പെരിയാർ നദിയിലുണ്ടായ അതിശക്തമായ വെള്ളപ്പൊക്കം പുഴയുടെ ഗതിമാറ്റിയൊഴുക്കി. കൊടുങ്ങല്ലൂരിനും കൊച്ചിയ്ക്കും ഇടയിൽ എക്കൽ വീണു പുതിയ കരയുണ്ടാകുകയും കൊച്ചി തുറമുഖം രൂപപ്പെട്ടു വരുകയും ചെയ്തു. അതുവരെ കേരളവുമായി കൊടുങ്ങല്ലൂർ കേന്ദ്രമായി വ്യാപാരത്തിലേർപ്പെട്ടിരുന്ന ചൈനക്കാർ കൊച്ചിയിലേക്ക് മാറുകയും അവരുടെ പ്രധാന വ്യാപാരസ്ഥലം കൊച്ചിയാക്കി മാറ്റുകയും ചെയ്തു. അതുവരെ തിളങ്ങി നിന്നിരുന്ന കൊടുങ്ങല്ലൂരിന്റെ പ്രതാപം നഷ്ടമാവുകയും കൊച്ചി ഉയർന്നു വരുകയും ചെയ്തു. 1350 നും 1450 നുമിടയ്ക്കാണ് ചൈനക്കാർ കൊച്ചിയിൽ ചീനവല സ്ഥാപിച്ചതെന്നാണ് ചരിത്രകാരൻമാരുടെ കണ്ടെത്തൽ. ചൈനക്കാരെ തുരത്തിക്കൊണ്ട് അറബികൾ കൊച്ചിയിൽ ആധിപത്യം സ്ഥാപിച്ചതോടെ ചീനവലകളും ഓരോന്നായി നശിച്ചു തുടങ്ങി. പിന്നീട് പോർട്ടുഗീസുകാർ കേരളത്തിൽ വന്നതോടെയാണ് ചീനവലകൾ വീണ്ടും സ്ഥാപിച്ചു തുടങ്ങിയത്. ചൈനയിൽ നിന്നുള്ള വലകൾതന്നെയാണ് കൊച്ചിയിൽ ചീനവല സ്ഥാപിക്കുവാൻ പോർട്ടുഗീസുകാരും കൊണ്ടുവന്നത് . പിന്നീട് പോർട്ടുഗീസ് സ്വാധീനമുണ്ടായിരുന്ന കേരളത്തിൻറെ തീരപ്രദേശമാകെ അവർ ചീനവലകൾ സ്ഥാപിച്ചു. ചൈനീസ് സാങ്കേതിക മികവിലാണ് ചീനവല പ്രവർത്തിക്കുന്നതെങ്കിലും പ്രചരിപ്പിച്ചതു പോര്ടുഗീസുകാരായതിനാൽ അതിന്റെ ഓരോ ഭാഗവും പോർട്ടുഗീസ് പേരുകളിലാണ് അറിയപ്പെടുന്നത്. ഫ്രാൻസിസ് ചമ്മണി
2 കോവിഡും കലിതുള്ളുന്ന കടലും തീരദേശ ഗ്രാമങ്ങൾ തീരാദുരിതത്തിൽ
കടലാക്രമണവും കോവിഡും എന്ന ഇരട്ട ഭീഷണിയിലാണ് കേരളത്തിലെ തീരദേശ ഗ്രാമങ്ങൾ എറണാകുളം , കൊല്ലം , തിരുവനന്തപുരം ആലപ്പുഴ , കണ്ണൂർ തുടങ്ങിയ തീരദേശ ഗ്രാമങ്ങളാണ് ഇപ്പോൾ ദുരിതം പേറുന്നത് ഫിഷിങ് ഹാർബറുകൾ അടച്ചതും കടലിൽ പോകരുതെന്ന മുന്നറിയുപ്പുമെല്ലാം മൽസ്യ തൊഴിലാളി കുടുംബങ്ങളെ കൊടും പട്ടിണിയിൽ ആഴ്ത്തിക്കഴിഞ്ഞു . എറണാകുളം ജില്ലയിലെ വൈപ്പിൻകര , ചെല്ലാനം എന്നിവിടങ്ങളിൽ കടലാക്രമണം രൂക്ഷമായിരിക്കുകയാണ്.
കോവിഡ് രോഗ ബാധിതരുള്ള വീടുകളിലേക്ക് കടൽ കൂടി കലിതുള്ളി ഇരച്ചെത്തിയതോടെ എന്ത് ചെയ്യണമെന്നറിയാത്ത അമ്പരപ്പിലാണ് ജനം തിരുവനന്തപുരം ജില്ലയിലെ പൊഴിയൂരിലും അടിമലത്തുറയിലും കടലാക്രമണം മൂലം നിരവധി വീടുകൾ തകർന്നു കഴിഞ്ഞു . ആലപ്പുഴ ജില്ലയിലെ ഒറ്റമശ്ശേരി തൃശൂർ ജില്ലയിലെ വലപ്പാട് കണ്ണൂർ ജില്ലയിലെ അഴിക്കോട് എന്നിവിടങ്ങളിൽ എല്ലാം കടലാക്രമണവും കനത്ത മഴയും തുടരുകയാണ് . വൈപ്പിൻകരയിലെ വിവിധ ഭാഗങ്ങളിൽ കടൽ ക്ഷോഭം അതിശക്തമായി തുടരുന്നു , ന്യൂനമർദ്ദമഴയായാലും കാലാവർഷ മഴയായാലും വയ്പിൻകരയിലെ നായരമ്പലം വെളിയത്താംപറമ്പ് , എടവനക്കാട് അണിയൽ , പഴങ്ങാട് കടപ്പുറം പ്രദേശങ്ങളെയാണ് കടൽക്ഷോഭത്തിന്റെ ദുരിതം ഏറ്റവും ആദ്യം ബാധിക്കുക.തീരദേശ റോഡും കടൽഭിത്തിയും സമാന്തരമായി പോകുന്നതിനാൽ കടൽക്ഷോഭം ശക്തമാകുന്നതോടെ തീരദേശറോഡ് പെട്ടെന്ന് തന്നെ മണ്ണിനടിയിലാകും . നായരമ്പലം മുതൽ എടവനക്കാട് വരെയുള്ള കടൽത്തീരത്തെ സംരക്ഷണഭിത്തിയും പലയിടങ്ങളിലും ദുർബലമാണ് . വെളീത്താംപറമ്പ് കടപ്പുറം വള്ളക്കടവിലൂടെയും കടൽവെള്ളം അടിച്ചുകയറുന്നുണ്ട് . കാറ്റും മഴയും തുടരുന്നതിനാൽ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ വള്ളമിറക്കുവാനും കഴിയുന്നില്ല . കടൽക്ഷോഭദുരിതത്തിനൊപ്പം കോവിഡ് രോഗഭീതിയും നിലനിൽക്കുന്നതിനാൽ തീരമേഖലയിലെ ജനങ്ങൾ കടുത്ത ആശങ്കയിലാണ് . ജനജീവിതം കോവിഡ് മൂലം സ്തംഭിച്ചിരിക്കെ തീരദേശ ഗ്രാമങ്ങളിലേക്ക് അടിയന്തര സഹായം എത്തിക്കണമെന്ന് വിവിധ സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടുകഴിഞ്ഞു.
ഫ്രാൻസിസ് ചമ്മണി