മതിലുകൾ ഒരു പുനർചിന്തനം

പഴയ മതിലുകളെയും , ഇന്നത്തെ മതിലുകളെയും കുറിച്ച് ചെറിയൊരു താരതമ്യം . ഓല കൊണ്ട് മറച്ചു പിടിച്ചും, ശീമകൊന്ന വെട്ടികീറി നാലായി തലങ്ങും വിലങ്ങും വച്ചു കെട്ടിയതും, അവിടെ നിന്നും മുള്ളുവേലികള്‍, പൊട്ടിയചില്ലിനാൽ നിരത്തിയ മതിലുകൾ തുടങ്ങി വീടിനേക്കാൾ ഉയരത്തിൽ നിൽക്കുന്ന മതിലുകളിലേക്ക് രൂപാന്തരീകരണം സംഭവിച്ചിരിക്കുന്നു . എന്തിനാണ് ഈ മതിലുകൾ ? ആർക്കു വേണ്ടി ? ശരിക്കും വിള നശിപ്പിക്കാൻ വരുന്ന മൃഗങ്ങളേക്കാൾ മനുഷ്യൻ ഭയക്കുന്നത് ചില ഏന്തിയും വലിഞ്ഞുമുള്ള നോട്ടങ്ങളെയാണ് . ഒരു തരത്തിൽ നോക്കിയാൽ മനുഷ്യന് വേണ്ടി മനുഷ്യൻ കെട്ടിയ മതിലുകൾ എന്ന് പറയാം. ഇവയൊക്കെ ഒരു തരത്തിൽ ഒരു ബിന്ദുവിലേക്കാണ് കേന്ദ്രീകരിക്കുന്നത്‍ സ്വകാര്യതാബോധം . പഴയതിലും അധികം ഇന്ന് കണ്ടു വരുന്നതാണ് അന്യന്റെ സ്വകാര്യതയിലേക്കുള്ള എത്തിനോട്ടങ്ങൾ . ഈ നോട്ടങ്ങളെ ചെറുത്ത് നിൽക്കുന്നത്തിനുള്ള ഒരു ഉപാധിയായാണ് മതിലുകളെ നോക്കി കാണാൻ സാധിക്കുന്നത് . ഉയർന്ന വീട്ടുമതിലുകളുടെ ഉള്ളിലേക്ക് ഏന്തിവലിഞ്ഞു നോക്കി ഒന്നും കാണാൻ കഴിയാത്തതിൽ പ്രതിഷേധിച്ച് “എന്തൊരു വലിയ മതിൽ കുറേ പൈസ എറിഞ്ഞിട്ടുണ്ട് ”എന്ന് പറഞ്ഞു മുന്തിരി കിട്ടാത്ത കുറുക്കനെ പോലെ നല്ല പുളിയാ എന്ന ഭാവത്തിൽ നടന്നു പോകുന്ന എത്രയോ പേരെ കണ്ടിട്ടുണ്ട്. ചെറിയോരു ഓട്ട കണ്ടാൽ അത് തുരന്ന് മറുപുറം കാണാനും പറ്റിയാൽ ഒളിക്യാമറകൾ വെച്ച് സായൂജ്യമടയുന്നവരുടെയും ഇടയിൽ മതിലുകൾ ഉയർന്നു പൊങ്ങുന്നതിൽ അത്ഭുതപ്പെടാനില്ല . എന്നാൽ എടുത്തു പറയേണ്ട മറ്റൊരു വശം ഈ കൊറോണകാലഘട്ടത്തിൽ കൂടി വരുന്ന ഗാർഹീക പീഡനങ്ങളാണ് അതിനും സാക്ഷിയായി നിലകൊള്ളുന്നത് ഇത്തരത്തിലുള്ള മതിലുകളാണ് .

തയ്യാറാക്കിയത് - ഹരിത എച്ച് ദാസ് .